സ്വദേശത്തും വിദേശത്തുമുള്ള പല വേദികളിലും പ്രഭാഷകനായിരുന്നു. നിലവിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ കൊമേഴ്സ് പിജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്.
എന്നാൽ, ഇതൊന്നുമല്ല തന്റെ നിയോഗമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അശരണരിലേക്കും ആലംബഹീനരിലേക്കും പരിത്യജിക്കപ്പെട്ടവരിലേക്കും വിദ്യ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളിലേക്കും കടന്നുചെന്ന് ജയിംസ് സൃഷ്ടിച്ചതൊരു സ്നേഹവിപ്ലവമായിരുന്നു.
ഇടുക്കി, എറണാകുളം ജില്ലകളിലെ ആദിവാസിക്കുടിലുകളിൽ കടന്നുചെന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികൾക്കും മാതാപിതാക്കൾക്കും മനസിലാക്കിക്കൊടുത്ത് നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ അഡ്മിഷൻ നൽകി സർക്കാർ ഏജൻസികളുടെ സഹായത്തോടെ അവരുടെ കുടികളിലേക്കു പ്രതീക്ഷയുടെ വെളിച്ചം പ്രസരിപ്പിക്കുവാൻ ഏതാനും വർഷങ്ങളായി അത്യധ്വാനം ചെയ്തിരുന്നു ജയിംസ്.
തൊടുപുഴയിലുള്ള ആലംബഹീനരായ അമ്മമാരുടെയും മക്കളുടെയും ഭവനമായ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷന്റെയും പ്രവർത്തകനായിരുന്നു. കോതമംഗലം രൂപതയിൽ നടന്ന എപ്പാർക്കിയൽ അസംബ്ലിയുടെ മുഖ്യചുമതലക്കാരിൽ ഒരാളും അദ്ദേഹമായിരുന്നു.
നിരവധി പ്രബന്ധങ്ങളുടെ രചയിതാവ്, ആനുകാലികങ്ങളിലെ കോളമിസ്റ്റ്, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ ഒരു പേരാണ് ജയിംസ് വി. ജോർജ്. പല വിഷയങ്ങളിലും ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു.
തൊടുപുഴ നാകപ്പുഴ വെട്ടുപാറയ്ക്കൽ വീട്ടിൽ അധ്യാപക ദന്പതികളായ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ് ജയിംസ്. ഭാര്യ: സോന ജോർജ് തൊടുപുഴ ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ. മകൻ രണ്ടുവയസുകാരൻ വർഗീസ്.
നാഗപ്പുഴ കവലയിലെ വോളിബോൾ കോർട്ടിൽ കൂട്ടുകാരോടൊത്തിരുന്ന് നാട്ടുവർത്തമാനം പറയുന്ന അതേ ലാഘവത്തോടെ, എളിമയോടെ അന്തർദേശീയ സെമിനാറുകളിൽ ഗംഭീരപ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന പ്രിയ ജയിംസ് ഒരുപാട് മനസുകളിൽ എക്കാലവും ചിരസ്മരണയായി തെളിഞ്ഞുനിൽക്കും, തീർച്ച.