നെടുമ്പാശേരി : സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് സിനിമാ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനു പിന്നിൽ ഒരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും സിനിമാതാരം ടൊവിനോ തോമസ്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസായി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസമാണു പുറത്തായത്.
ട്രെയിന്‍യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് ഇത് വാർത്തയായത്. “ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്.
ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്തു പറയാനാ’’ എന്ന കുറിപ്പോടെ ലഘു വീഡിയോയ്ക്കൊപ്പം സംവിധായകന് ജിതിന് ലാല്‍തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പങ്കുവച്ചത്.