കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിട്ടും തനിക്കു മാത്രം പുറത്തിറങ്ങാനായിട്ടില്ലെന്നതും വിചാരണ അനന്തമായി നീളുന്നതുമാണ് സുനി ജാമ്യാപേക്ഷയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
സുപ്രീംകോടതിയിൽ നൽകിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് സുനിക്ക് അനുകൂല വിധിയുണ്ടാകുന്നത്. ഇപ്പോൾ അനുവദിച്ചിട്ടുള്ള ജാമ്യത്തിലെ വ്യവസ്ഥകൾ വിചാരണക്കോടതിയാകും നിശ്ചയിക്കുക. 2023 ൽ പിതാവ് മരിച്ചപ്പോൾ അന്ത്യകർമം ചെയ്യാൻ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി ഒരു ദിവസത്തെ താത്കാലികജാമ്യം അനുവദിച്ചിരുന്നു.
വിധി നവംബറിൽ? കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ 261 സാക്ഷികളുടെ വിസ്താരം വിചാരണക്കോടതി പൂർത്തീകരിച്ചിട്ടുണ്ട്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി അന്തിമവാദത്തിലേക്കു കടക്കാനിരിക്കുന്ന ഘട്ടത്തിലാണു ഒന്നാം പ്രതിക്കു ജാമ്യം കിട്ടുന്നത്.
കേസിന്റെ ആദ്യഘട്ടത്തിൽ ആക്രമിക്കപ്പെട്ട വാഹനത്തിലുണ്ടായിരുന്നവരടക്കം ആറുപേരെയാണ് പ്രതി ചേർത്തത്. പിന്നീട് നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി. 2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് 86 ദിവസം ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടി.
2020 ജനുവരി 30നു കേസിന്റെ വിചാരണ ആരംഭിച്ചു. സാക്ഷിവിസ്താരം പൂർത്തിയാകാനിരിക്കെ സംവിധായകൻ ബാലചന്ദ്രകുമാർ, നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഇതോടെ കേസിൽ പുനരന്വേഷണം ആരംഭിച്ചു.
രണ്ടാംഘട്ട കുറ്റപത്രം കൂടി സമർപ്പിച്ച് വീണ്ടും വിചാരണ നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം പ്രതിഭാഗം അഭിഭാഷകൻ വിസ്തരിച്ചു. ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിനു പറയാനുള്ളതുകൂടി കേട്ടശേഷം നവംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് കേസിൽ വിധി പറഞ്ഞേക്കും.