ദുരന്തഭൂമിയിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച സംസ്ഥാന/ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ മാനദണ്ഡങ്ങളാണ് കോടതി വിധിയില്‍ പരാമര്‍ശിക്കപ്പെടുന്ന കണക്കുകളെന്നാണ് മറ്റൊരു ഭാഷ്യം. അങ്ങനെയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന എസ്റ്റിമേറ്റ് എങ്ങനെ അംഗീകരിക്കാനാവും.
ദുരന്തഭൂമിയില്‍ നാമമാത്ര ചെറുകിട കര്‍ഷകരുടെ 359 ഹെക്ടര്‍ ഭൂമിയിലെ സംസ്ഥാനത്തെതന്നെ മികച്ച കാപ്പി, ഏലം തോട്ടങ്ങള്‍ നശിച്ചു. ഇടത്തട്ടുകാരുടെ 267 ഹെക്ടര്‍ കൃഷിയും നശിച്ചു. രണ്ടിനും ഹെക്ടര്‍ ഒന്നിനു നഷ്ടപരിഹാരം (Relief Assistance) കേവലം 22,500 രൂപ മാത്രം. ഏക്കറൊന്നിന് 10,000 രൂപയില്‍ താഴെ.
2023 ജൂണ്‍ 23ന് സംസ്ഥാന സഹകരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഒരേക്കര്‍ കാപ്പി കൃഷിചെയ്യാന്‍ ബാങ്കുകള്‍ നല്കുന്ന ധനസഹായം 54,000 മുതല്‍ 67,000 രുപ വരെ. അതിന്റെ സ്ഥാനത്താണ് സര്‍ക്കാരിന്റെ 10,000 രൂപ.
ഏലം കൃഷിക്ക് ഒരേക്കറിന്റെ ചെലവ് 2,60,000 മുതല്‍ 2,80,000 രൂപ വരെയാണ്. അതിനും നഷ്ടപരിഹാരത്തുക 10,000 മാത്രം. ഇതെങ്ങനെ ജനങ്ങള്‍ അംഗീകരിക്കും?
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1555 വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. ദുരന്തഭൂമയില്നിന്നു വന്ന ദൃശ്യങ്ങളില്‍ മുണ്ടക്കൈയില്‍ നഷ്ടപ്പെട്ടതു ചെറിയ വീടുകളല്ലെന്നു വ്യക്തമാണ്. അങ്ങനെ നശിച്ച വീടുകള്‍ക്കുള്ള നഷ്ടപരിഹാരം വീടുവിസ്തൃതി കണക്കാക്കാതെ കേവലം 1,35,000 രൂപ മാത്രം. ലൈഫ് മിഷന് പണിയുന്ന വീടിനുപോലും നാലു ലക്ഷം രൂപയാണ് വകയിരുത്തുന്നത്.
ഭാഗികമായി തകര്‍ന്നത് 452 വീടുകള്‍. അതിനുള്ള നഷ്ടപരിഹാരത്തുക കേവലം 6500 രൂപ മാത്രം. 35 കുടിലുകള്‍ നഷ്ടപ്പെട്ടു. ഓരോ കുടിലിനുമുള്ള നഷ്ടപരിഹാരം 8,000 രൂപ.
മരണമടഞ്ഞവര്‍ക്കു നല്‍കിയത് 14,36,00,000 രൂപയാണ്.
ചെലവിന്റെ എസ്റ്റിമേറ്റ് ഇങ്ങനെ: റസ്പോൺസ് ആൻഡ് റിലീഫ് 281,31,41,400
റിക്കവറി ആൻഡ് റി കൺസ്ട്രക്ഷൻ 333,31,20,000
നോൺ എസ്ഡിആർഎഫ് ഐറ്റംസ് 587, 50,00, 000. ആകെ 1202,12,61,400. ഇതില്‍ 148 കോടി ഭൂനാശത്തിനും (100 ഹെക്ടര്‍) 14.36 കോടി 359 ഹെക്ടറിലെ കൃഷിനാശത്തിനും കണക്കാക്കിയിരിക്കുന്നു. ഒരു ഹെക്ടര്‍ ഭൂമിയുടെ വില 14 ലക്ഷം. ഒരേക്കറിന് 5.6 ലക്ഷം മാത്രം. കൃഷിനാശത്തിന് ഒരേക്കറിന് 1,60,000.