രോഗിയുമായി പോയ ആംബുലൻസ് റോഡരികിലെ വീട്ടിലിടിച്ചു മറിഞ്ഞു
Sunday, October 6, 2024 2:13 AM IST
പൊൻകുന്നം: ഗുരുതരാവസ്ഥയിലായ രോഗിയെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി പിപി റോഡരികിലെ വീട് ഇടിച്ചുതകർത്ത് ആംബുലൻസ് മറിഞ്ഞു.
മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച രോഗി പാലമ്പ്ര പാറക്കടവിൽ പി.കെ. രാജു (65) രണ്ടുമണിക്കൂറിന് ശേഷം മരിച്ചു. ഇന്നലെ പുലർച്ചെ 3.45ന് പൊൻകുന്നം - പാലാ സംസ്ഥാനപാതയിൽ അട്ടിക്കൽ പഴയ ആർടി ഓഫീസിന് സമീപത്തായിരുന്നു അപകടം.
ആംബുലൻസിലുണ്ടായിരുന്ന രാജുവിന്റെ ഭാര്യ, മകളുടെ ഭർത്താവ് സാജു പോൾ, നഴ്സ് ലിൽറ്റ എന്നിവർക്ക് ചെറിയ പരിക്കുകളുണ്ട്. വൃക്കരോഗബാധിതനായ പി.കെ. രാജുവിന് രാത്രി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം മെഡിക്കൽ കോളജിലേക്കു പോകും വഴിയാണ് അപകടം.
പുറത്തുനിന്ന് വിളിച്ചുവരുത്തിയ ആംബുലൻസ് മഴയിൽ റോഡിൽ തെന്നിയ ശേഷം എതിർവശത്തേക്ക് പാഞ്ഞ് വീടിന്റെ ചുവരിടിച്ചുതകർത്ത് റോഡിലേക്ക് മറിഞ്ഞു. വീടിന്റെ മുന്പിലെ ഒരു മുറിയുടെ ഭിത്തി പൂർണമായി തകർന്നു.
ഗൃഹനാഥൻ രാജേഷ് ദുബായിലാണ്. ഭാര്യ കൊടുങ്ങൂർ ഗ്രാമീൺ ബാങ്കിലെ ഗോൾഡ് അപ്രൈസറായ അർച്ചനയും മക്കളായ ആദിത്യനും അനഘയുമാണ് വീട്ടിലുണ്ടായിരുന്നത്. ചിതറിത്തെറിച്ച വെട്ടുകല്ലിന്റെ ചീള് വീണ് അർച്ചനയുടെയും അനഘയുടെയും കാലിനും കൈയ്ക്കും ചെറിയ പരിക്കുകളുണ്ട്.
അപകടത്തിനു ശേഷം രാജുവിന്റെ തലയിൽനിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: മോളി രാജു, മുക്കാലി വെട്ടിക്കാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സി.വി. സാജു, സാജു പോൾ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ.