വയനാട്; കേന്ദ്ര സഹായം ചോദിച്ചു വാങ്ങണം: സതീശൻ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ചോദിച്ചു വാങ്ങണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മന്ദത ഉണ്ടായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പെട്ടിമുടിയിലും കവളപ്പാറയിലുമൊക്കെ സംഭവിച്ചതു പോലെ ജാഗ്രതക്കുറവ് ഇവിടെ ഉണ്ടാകരുത്. അവിടെ പ്രഖ്യാപിച്ചതു പോലെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ല.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും കേന്ദ്ര സഹായം അനുവദിച്ചില്ല. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്പോൾ നിയമക്കുരുക്കിലേക്കു നീങ്ങുന്നില്ല എന്ന് ഉറപ്പാക്കണം.
രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അതിനു സംസ്ഥാന സർക്കാർ നേതൃത്വം നൽകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കേന്ദ്ര നിലപാടിൽ പ്രതിഷേധം അറിയിക്കാൻ ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.
സഹായം വാഗ്ദാനം ചെയ്ത ഏജൻസികളെയും വ്യക്തികളെയുമൊക്കെ ഏകോപിപ്പിച്ച് പുനരധിവാസത്തിനു പദ്ധതി തയാറാക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.