നടി ആരാകിലെന്ത്? -മന്ത്രി ശിവൻകുട്ടി
Tuesday, December 10, 2024 1:58 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്കുള്ള അവതരണഗാനം പഠിപ്പിക്കുന്നതിനു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, വെളിപ്പെടുത്തല്‍ വിവാദമായതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു. സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
നല്ലൊരു കാര്യമാണ് നടക്കാന്‍ പോകുന്നത്. സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കുന്നതിനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു മന്ത്രി താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചത്.
എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ട് പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്- മന്ത്രി പറഞ്ഞു.
എന്നാല്‍, നടി തന്റെ തൊഴിലല്ലേ ചെയ്യുന്നതെന്നും അതിനു പ്രതിഫലം നല്കേണ്ടതല്ലേ എന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ഏഴു മിനിറ്റ് പ്രോഗ്രാമിന് അഞ്ചു ലക്ഷം രൂപ നല്‍കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.