ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല: കോടതി
Wednesday, December 11, 2024 1:22 AM IST
കൊച്ചി: ഇന്ത്യയില്‍ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഭര്‍ത്താവിനെതിരേയുള്ള കൊലപാതകക്കുറ്റം തെളിയിക്കാന്‍ ഇതുതന്നെ മതിയായ കാരണമാണെന്നും ഹൈക്കോടതി.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി ഷമ്മികുമാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചാണു ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാര്‍ഹിക പീഡനക്കുറ്റം ഒഴിവാക്കിയ കോടതി അമ്മയെ വെറുതെ വിടുകയും ചെയ്തു. ഇരുവരും നല്കിയ അപ്പീലിലാണു നടപടി.
2010 ജനുവരി 22നായിരുന്നു ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം യുവതിയെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മൃതദേഹം നഗ്നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റു സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്ജന് തന്റെ 33 വര്‍ഷത്തെ സര്‍വീസ് പരിചയത്തില്‍നിന്നു ബോധിപ്പിച്ച കാര്യം കോടതി ഗൗരവത്തിലെടുത്തു. ഇന്ത്യയില്‍ ഒരു സ്ത്രീയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്നാണു പോലീസ് സര്ജന് വിശദീകരിച്ചത്. മാസം 30 തൂങ്ങിമരണങ്ങളെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്താറുണ്ട്. ഒരു സ്ത്രീ പോലും നഗ്നയായി ജീവനൊടുക്കിയത് അനുഭവത്തിലില്ലെന്നും അദ്ദേഹം അറിയിച്ചു.
ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ ഐപിസി 302-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവാണു ഹൈക്കോടതി ശരിവച്ചത്. കൊലപാതകമല്ല, ആത്മഹത്യയായിരുന്നുവെന്നാണ് പ്രതിയായ ഭര്‍ത്താവ് വാദിച്ചത്. സാധാരണയായി ഇന്ത്യന്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നഗ്നത മറയ്ക്കാറുണ്ടെന്ന പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട് ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാറും സി.പ്രദീപ് കുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് ശരിവച്ചു.
പ്രതികള്‍ക്കെതിരേ പ്രത്യക്ഷ തെളിവുകളില്ലെന്നും തെളിവ് നിയമപ്രകാരമുള്ള അനുമാനങ്ങളും ലാസ്റ്റ് സീന്‍ തിയറിയും ഉള്‍പ്പെടെയുള്ള സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും മെഡിക്കല്‍ തെളിവുകള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നുമായിരുന്നു വാദം.
എന്നാല്‍ മരിക്കുന്നതിനു മുന്‍പ് യുവതി കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയെയും മകളെയും രഹസ്യമായി ലോഡ്ജിലേക്കു കൊണ്ടുപോയത് ഭര്‍ത്താവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇതെന്നും തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും സൂചിപ്പിച്ചാണ് കോടതി പ്രതിയുടെ ശിക്ഷ ശരിവച്ചത്.