ആക്രമണക്കേസ് ; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Wednesday, December 11, 2024 1:23 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിൽ എത്തിനില്‍ക്കെ, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയില്ലെന്നു കാണിച്ചാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.
കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി കോടതികള്‍ തള്ളിയിരുന്നു. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം.
ഇതനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്കു കത്തയച്ചത്. ചട്ടവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചെന്നു വ്യക്തമായിട്ടും അതില്‍ കോടതികള്‍ ഇടപെട്ടില്ല.
ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ജുഡീഷറിയുടെ ഭരണതലത്തിലാണു നടപടിയെടുക്കേണ്ടതെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിക്ക് കത്തയയ്ക്കുന്നതെന്നും അതിജീവിത വ്യക്തമാക്കി.
അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതി, എറണാകുളം സിബിഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ, മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്നാണു സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടിലുള്ളത്.
2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബര്‍ 13ന് ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹനുമാണ് പരിശോധിച്ചത്. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ പരിശോധനകളില്‍ തെറ്റില്ലെന്നാണു റിപ്പോര്‍ട്ട്.
എന്നാല്‍ 2021 ജൂലൈ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീനാണ്. വിവോ ഫോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇതില്‍ നടപടിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം.
കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനില്‍ക്കെയാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കുന്നത്. അന്തിമവാദം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇന്ന് അന്തിമവാദം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.