മർദനം: ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവുശിക്ഷ
Wednesday, December 11, 2024 1:23 AM IST
ചേര്‍ത്തല: മലിനീകരണത്തിനെതിരേ പ്രതിഷേധിച്ചതിനു ഗൃഹനാഥനെ മർദിച്ച ഡിവൈഎസ്പിക്ക് തടവും പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെയാണ് ഒരു മാസം തടവിനും 1000 രൂപ പിഴയടയ്ക്കാനും ചേര്‍ത്തല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഷെറിന് കെ. ജോര്‍ജ് ശിക്ഷിച്ചത്.
പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥ (75) നെ മര്‍ദിച്ച സംഭവത്തിലാണു ശിക്ഷ. 2006ല്‍ ഓഗസ്റ്റ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു പരിസരത്തെ ചകിരി മില്ലില്‍നിന്നുള്ള മലിനീകരണത്തിനെതിരേ പ്രതികരിച്ച സിദ്ധാര്‍ഥനെ ഉടമയും സംഘവും ചേർന്നു രാത്രിയിൽ വീട്ടില്‍ കയറി മര്‍ദിച്ചു.
ഇതിനുപിന്നാലെ സ്ഥലത്തെത്തിയ അന്നു ചേര്‍ത്തല എസ്ഐയായിരുന്ന മധു ബാബു സിദ്ധാര്‍ഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളില്‍ ഉടുതുണി അഴിച്ച് ചൊറിയനം തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മർദനത്തിൽ ഇടതു ചെവിയുടെ കര്‍ണപുടം പൊട്ടിയിരുന്നു. മധു ബാബുവിനെ കൂടാതെ അന്ന് എഎസ്ഐയായിരുന്ന മോഹനനെയും ശിക്ഷിച്ചിട്ടുണ്ട്.
വിധിയെത്തുടർന്ന് അഭിഭാഷകൻ മുഖേന അപ്പീല്‍ നല്‍കുകയും മധു ബാബു ജാമ്യം നേടുകയും ചെയ്തു. സിദ്ധാര്‍ഥനുവേണ്ടി അഡ്വ. ജോണ്‍ ജൂഡ് ഐസക്, അഡ്വ. ജെറീന ജൂഡ് എന്നിവര്‍ ഹാജരായി.