എംജി സർവകലാശാലയിൽ റഗുലര്‍, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഒന്നിച്ചു പഠിക്കാം
Thursday, March 27, 2025 2:49 AM IST
കോട്ടയം: റഗുലർ പ്രോഗ്രാമുകള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് എംജി യൂണിവേഴ്സിറ്റിയുടെ യുജിസി അംഗീകൃത ഓൺലൈൻ പ്രോഗ്രാമുകളും ഇനി പഠിക്കാം. ഡ്യുവല്‍ ഡിഗ്രി സംവിധാനം ഏര്‍പ്പെടുത്തണമെന്ന യുജിസിയുടെ നിര്‍ദേശം സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയില്‍ നടപ്പാക്കുന്നത്.
ഇതുസംബന്ധിച്ച യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനമെടുത്തു. സംസ്ഥാനത്തെ യുജിസി അംഗീകൃത സർവകലാശാലകളിലും സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകും.
റഗുലര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ 40 ശതമാനം സ്കോളർഷിപ്പും ലഭിക്കും. ഭിന്നശേഷിക്കാരായ ഓൺലൈൻ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിലവില്‍ 20 ശതമാനം സ്കോളര്ഷിപ്പുണ്ട്.
സർവകലാശാലയുടെ സെന്റര്‍ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷന്‍ 2022 ജനുവരിയിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്.
സംസ്ഥാനത്ത് എംജി സര്‍വകലാശാല മാത്രമാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നത്.എംകോം, എംബിഎ, എംഎ ഇംഗ്ലീഷ്, ബികോം(ഹോണേഴ്സ്) എന്നിവയാണ് പ്രോഗ്രാമുകള്‍.
ജനുവരി 2025 സെഷന് പ്രവേശനത്തിന്റെ രജിസ്ട്രേഷന് മാര്‍ച്ച് 31ന് അവസാനിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന ജൂലൈ 2025 സെഷനിൽ ബിബിഎ (ഓണേഴ്സ്), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), എംഎ ഇക്കണോമിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾ 04812731010, 9188918259, 8547852326, 9188918258 എന്നീ നമ്പറുകളിൽ ലഭിക്കും.