മോട്ടോർ വാഹന വകുപ്പിന്റെ നടപടി വിവാദത്തിൽ
റെനീഷ് മാത്യു
Monday, April 28, 2025 5:07 AM IST
കണ്ണൂർ: നിരവധി കേസുകളിൽപ്പെട്ട സംഘടനാ നേതാവിനു പ്രമോഷൻ നല്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി വിവാദത്തിൽ. കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ തലപ്പത്തുള്ള നേതാവിനെയാണ് ജോയിന്റ് ആർടിഒ പ്രമോഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണു നേതാവ്.
ഇദ്ദേഹത്തിനെതിരേ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പത്തനാപുരം പോലീസ് സ്റ്റേഷനിലും സ്ത്രീപീഡനക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിലും കിടന്നിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണം നടക്കാനിരിക്കുകയാണ്.
കൂടാതെ, ഡ്രൈവിംഗ് ടെസ്റ്റിനു വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയതിന് 2017ൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഉന്നതവ്യക്തികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് ചട്ടവിരുദ്ധമായാണ് ഉദ്യോഗസ്ഥൻ പ്രമോഷൻ ലിസ്റ്റിൽ കയറിപ്പറ്റിയതെന്ന ആരോപണം ശക്തമാണ്.
ഉദ്യോഗസ്ഥന്റെ പ്രമോഷൻ തടയണമെന്നാവശ്യപ്പെട്ട് കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു പരാതിയും നല്കിയിട്ടുണ്ട്.