കർഷകർക്കു തിരിച്ചടി; പൈനാപ്പിൾ വില 20ലേക്ക് കൂപ്പുകുത്തി
Tuesday, April 29, 2025 2:51 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: പൈനാപ്പിൾ വില കുത്തനെയിടിഞ്ഞു. 2021 നു ശേഷം വില ഇത്രയും താഴ്ന്ന നിലയിലെത്തുന്നത് ആദ്യമാണ്. ഇന്നലെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 22-24 രൂപയും പച്ചയ്ക്ക് 20-22 രൂപയുമായിരുന്നു വില.
നേരത്തെ പഴത്തിന് 58 രൂപയും പച്ചയ്ക്ക് 52 രൂപവരെയും വില ലഭിച്ചിരുന്നു. പിന്നീട് ഘട്ടംഘട്ടമായി വില കുറഞ്ഞെങ്കിലും കിലോയ്ക്ക് 40 രൂപ വരെ ശരാശരി വില കർഷകർക്കു ലഭിച്ചിരുന്നു. റംസാനു ശേഷമാണ് വിലകുറയാൻ തുടങ്ങിയത്. മാന്പഴം, തണ്ണിമത്തൻ എന്നിവയുടെ ഉത്പാദനം വർധിച്ചതാണ് നിലവിലെ വിലിയിടിവിന് കാരണമെന്നാണ് സൂചന.
ഇത്തവണ ഉത്പാദനത്തിലുണ്ടായ ഗണ്യമായ വർധനവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഡിമാന്റ് കുറഞ്ഞതും വിലയിടിയാൻ മറ്റൊരു കാരണമായി. ഭേദപ്പെട്ട വിലയുണ്ടായിരുന്നതിനാൽ കർഷകർ വേനലിൽ ഗ്രീൻനെറ്റ് വിരിച്ച് ചൂടേൽക്കാതെ സംരക്ഷിക്കുകയും മികച്ചനിലയിൽ പരിപാലിക്കുകയും ചെയ്തിരുന്നു. കൃത്യമായ ഇടവേളകളിൽ മഴയും ലഭിച്ചതോടെ കാര്യമായ നാശനഷ്ടം സംഭവിക്കാതെ വിളവെടുക്കാനുമായി.
കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിച്ചാലെ നഷ്ടമില്ലാതെ കൃഷി മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നതാണ് സ്ഥിതി. കൃഷിചെലവ് വർധിച്ചതാണ ഇതിനു കാരണം.
പൈനാപ്പിൾ കാനിക്ക് ഒരെണ്ണത്തിന് 15 രൂപയാണ് ഇപ്പോഴത്തെ വില. ഒരേക്കർ സ്ഥലത്തിന് പാട്ടം 90,000 മുതൽ ഒരുലക്ഷം വരെയായി ഉയർന്നു. കൂലി, വളം, ഗതാഗതം എന്നിവയ്ക്കായി വൻതുക ചെലവഴിക്കേ സ്ഥിതിയാണുള്ളത്.
ഇത്തവണ വേനൽമഴ കൂടി ലഭിച്ചതോടെ ഉത്പാദനവും ഗണ്യമായി വർധിക്കാനാണ്സാധ്യത.മഴകൂടുതലായതോടെ ചെടികൾ പെട്ടെന്നു വളർന്ന് സ്വയം പുഷ്പിക്കാനുള്ള അനുകൂല സാഹചര്യമാണ് നിലവിൽ. ഇങ്ങനെ വന്നാൽ പ്രതീക്ഷിക്കാത്ത നിലയിൽ പൈനാപ്പിൾ വിപണിയിലെത്താനും അതുവഴി ഇനിയും വിലഇടിയാനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നു .
വിലയിടിയുന്ന സാഹചര്യത്തിലെങ്കിലും കർഷകരെ സഹായിക്കാനും തോട്ടങ്ങളിൽ പൈനാപ്പിൾ അഴുകിനശിക്കാതെ വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കയറ്റി അയയ്ക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.