കാഷ്മീർ കടുത്ത അനിശ്ചിതത്വത്തിൽ
Thursday, August 8, 2019 12:41 AM IST
ന്യൂഡൽഹി: നൂറോളം പേരെ അറസ്റ്റ് ചെയ്തതിലും കർഫ്യൂ അടിച്ചേൽപ്പിച്ചതിലുമുള്ള അനിശ്ചിതത്വത്തിലും കുടുങ്ങി കാഷ്മീർ താഴ്വര. അതിനിടെ, പോലീസ് പ്രതിഷേധക്കാരെ തുരത്തിയോടിക്കുന്നതിനിടെ സ്വയരക്ഷക്കായി ഝലം നദിയിലേക്കുചാടിയ ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടു എന്നും വിവരമുണ്ട്. വെടിവയ്പിലും മറ്റും പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജമ്മു കാഷ്മീരിൽ ഇപ്പോഴും മൊബൈൽ ഫോണും ഇന്റർനെറ്റും ഉൾപ്പെടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം നിശ്ചലാവസ്ഥയിലാണ്.
സമാധാനം തകരാതിരിക്കാനും ശാന്തത നിലനിർത്താനുമുള്ള മുൻകരുതലിന്റെ ഭാഗമായി സുരക്ഷാ ഏജൻസികൾ ഇതിനോടകം നൂറോളം വരുന്ന രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. എന്നാൽ, അറസ്റ്റ് ചെയ്തവവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായർ മുതൽ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്. ജമ്മു കാഷ്മീർ പീപ്പിൾസ് കോണ്ഫറൻസ് നേതാക്കളായ സജ്ജാദ് ലോണും ഇമ്രാൻ അൻസാരിയും അറസ്റ്റിലാണ്. അറസ്റ്റിലായവരെ ഗുപ്കാറിലുള്ള വസതികളിൽ നിന്നുമാറ്റി സർക്കാർ ഗസ്റ്റ് ഹൗസിലാണു താമസിപ്പിച്ചിരിക്കുന്നത്. താഴ്വരയിൽ സമാധാനത്തിനു വിഘാതം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ, മെഹബൂബ മുഫ്തിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്താൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി മകൾ ഇൽറ്റി ജാവേദ് രംഗത്തെത്തി. പാർട്ടിപ ്രവർത്തകരെയോ അഭിഭാഷകരെയോ പോലും കാണാൻ കഴിയാതെ തന്റെ അമ്മ ഏകാന്തതടവിലാണെന്നും അവർ വ്യക്തമാക്കി. അമ്മയെ കഴിഞ്ഞ ദിവസമാണ് കൊണ്ടുപോയത്. ഹരിനിവാസിലാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. അമ്മയെ ഒന്നു കാണാനോ ഒരുതരത്തിലുള്ള ആശയവിനിമയത്തിനോ അനുവദിക്കുന്നില്ലെന്നും ഇൽറ്റി പറഞ്ഞു.