ചന്ദ്രയാൻ 2: ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം
Thursday, August 22, 2019 12:32 AM IST
ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ണ്ട് ചന്ദ്രനോട് അടുക്കുന്നു. ചന്ദ്രന്റെ അടുത്തേക്കുള്ള ഭ്രമണപഥത്തിലേക്കുള്ള ആദ്യഘട്ട മാറ്റൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.50 നാണ് ഭ്രമണപഥം താഴ്ത്തിയത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക്കിലെ മിഷന് ഓപ്പറേഷന് കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്.
ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. 1228 സെക്കൻഡ് നീണ്ട പ്രവർത്തനത്തിലൂടെയാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്.
നിലവിൽ ചന്ദ്രനെചുറ്റുന്ന ഉപഗ്രഹം ഏറ്റവും അടുത്തുവരുന്ന ദൂരം 118 കിലോമീറ്ററും അകലുന്ന ദൂരം 4412 കിലോമീറ്ററുമാണ്. ഇനി 4 ഘട്ടങ്ങളിലായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം വീണ്ടും കുറയ്ക്കുകയുംചന്ദ്രനില് നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കുകയും ചെയ്യും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടുക.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.