പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും: മന്ത്രി ഗജേന്ദ്ര സിംഗ്
Thursday, August 22, 2019 12:32 AM IST
മുംബൈ: ഹിമാലയത്തിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. സിന്ധു നദീജല കരാർ പാലിച്ചായിരിക്കും നടപടി. ജലത്തിന്റെ ഒഴുക്കിൽ മാറ്റം വരുത്തി വെള്ളം ഇന്ത്യയിൽത്തന്നെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു.
ഫെബ്രുവരി ആദ്യം നടന്ന പുൽവാമ ഭീകരാക്രമണം, പിന്നാലെ പിഒകെയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണം എന്നിവയെത്തുടർന്ന് ഉഭയകക്ഷിബന്ധം വഷളായ സാഹചര്യത്തിൽ മന്ത്രിയുടെ പ്രഖ്യാപനത്തിനു മാനങ്ങളേറെയാണ്. ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് എടുത്തുകളയാനുള്ള തീരുമാനത്തോടെ ബന്ധം തീർത്തും മോശമായി. ഇതിനിടെയാണ് ജലം തടഞ്ഞുനിർത്താനുള്ള തീരുമാനം.
സിന്ധുനദീജല കരാറിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല, പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യം മാത്രമാണു പരിഗണനയിലുള്ളത്.-മന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളുടെ ക്യാച്ച്മെന്റ് മേഖലയിൽ ചില റിസർവോയറുകളും മറ്റുമുണ്ട്. ഇവ തിരിച്ച് ഇന്ത്യയിലേക്കു തന്നെ വിട്ടാൽ വേനൽക്കാലത്തും ഉപയോഗിക്കാനാകും.
നമ്മുടെ എല്ലാ റിസർവോയറുകളും നിറഞ്ഞിരിക്കുകയാണ്. നദികളിലെ ഒഴുക്ക് നിയന്ത്രിച്ച് രവി നദിയിലേക്കു വെള്ളം ഒഴുക്കാനാകുമെന്നും മന്ത്രി വിശദീകരിച്ചു. കാഷ്മീർ കാര്യത്തിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ കൂടിയാണു തീരുമാനം.