ശ്യാം റാംസേ അന്തരിച്ചു
Wednesday, September 18, 2019 11:43 PM IST
മുംബൈ: ബോളിവുഡ് ഹൊറർ സിനിമയുടെ പര്യായമായി മാറിയ റാംസേ സഹോദരന്മാരിലെ മൂന്നാമൻ ശ്യാം റാംസേ(67) അന്തരിച്ചു. പുരാനി ഹവേലി, ദർവാസ, വീരാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
സിനിമാനിർമാണം മുഴുവനോടെ കുടുംബ വ്യവസായമാക്കി മാറ്റിയവരാണ് റാംസേമാർ. വിഭജനകാലത്ത് കറാച്ചിയിൽനിന്ന് മുംബൈയിലേക്കു കുടിയേറിയ ഫത്തേചന്ദ് യു രാംസിംഗാനിയുടെ ഏഴു മക്കളാണിവർ. റാംസേ എന്നു പേരുമാറ്റിയ രാംസിംഗാനി പൃഥ്വിരാജ് കപൂറിനെ നായകനാക്കി സിനികൾ ചെയ്തിട്ടുണ്ട്. എഴുപതുകളുടെ ആരംഭത്തിൽ മക്കൾ പ്രേതസിനിമകളുടെ സാധ്യത തിരിച്ചറിഞ്ഞു. സിനിമകളുടെ മുഴുവൻ ചുമതലയും കുടുംബമാണ് വഹിച്ചിരുന്നത്. സഹോദരങ്ങളിലെ കുമാർ കഥയും തിരക്കഥയും നിർവഹിച്ചു. കിരണിന് ശബ്ദത്തിന്റെ ചുമതല. ഗാംഗുലി കാമറ.
കേശു ചിത്രീകരണ സഹായിയും പ്രൊഡക്ഷൻ മേൽനോട്ടവും. അർജുൻ പോസ്റ്റ് പ്രൊഡക്ഷനും എഡിറ്റിംഗും. തുൾസി, ശ്യാം എന്നീ സഹോദരങ്ങൾക്ക് സംവിധാനച്ചുമതല. അഭിനേതാക്കൾക്കും സെറ്റിലെ മറ്റു ജോലിക്കാർക്കും വേണ്ട ഭക്ഷണം പാചകം ചെയ്തിരുന്നത് ഇവരുടെ അമ്മയും ഭാര്യമാരും. ശ്യാമായിരുന്നു കുടുംബത്തിന്റെ ബുദ്ധികേന്ദ്രം. ഇന്ത്യയിലെ ആദ്യ ഹൊറർ പരന്പരയായ ‘ദ സീ ഹൊറർ ഷോ’ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.