തോട്ടിപ്പണിയും തൊട്ടുകൂടായ്മയും നിലവിലുണ്ടെന്നു സുപ്രീംകോടതി
Thursday, September 19, 2019 12:16 AM IST
ന്യൂഡൽഹി: മറ്റൊരു രാജ്യവും തങ്ങളുടെ ജനങ്ങളെ ഗ്യാസ് ചേംബറിൽ മരിക്കുന്നതിനായി അയയ്ക്കാറില്ലെന്നു കേന്ദ്ര സർക്കാരിനെതിരേ സുപ്രീംകോടതി.
തോട്ടിപ്പണിക്കു നിയോഗിക്കപ്പെട്ട് എല്ലാ മാസവും നാലും അഞ്ചും പേർ കൊല്ലപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം പിന്നിട്ടിട്ടും ഇത്തരം പ്രവർത്തനങ്ങൾക്ക് ആളുകളെ നിയോഗിക്കുന്നതിലും അതിലുള്ള ജാതി വേർതിരിവു കൾക്കും മാറ്റമുണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി.
പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ ചെറുക്കാനുള്ള വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധന ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, തോട്ടിപ്പണി, തൊട്ടുകൂടായ്മ എന്നിവ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയത്.
തോട്ടിപ്പണിക്കും മാൻഹോൾ വൃത്തിയാക്കുന്നതിനും ജാതി തിരിച്ച് നിയോഗിക്കപ്പെടുകയും അവർ ഗ്യാസ് ചേംബറുകളിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. മതിയായ സുരക്ഷയ്ക്ക് മുഖംമൂടികളോ ഓക്സിജൻ സിലിണ്ടറുകളോ ഇവർക്ക് ലഭ്യമാക്കുന്നില്ല. ഇന്ത്യയല്ലാതെ ലോകത്തിൽ ഏതെങ്കിലും രാജ്യം തങ്ങളുടെ ജനങ്ങളെ ഗ്യാസ് ചേംബറിൽ കൊല്ലപ്പെടുന്നതിനായി പറഞ്ഞു വിടുന്നുണ്ടോയെന്ന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, എം.ആർ. ഷാ, എ.ആർ. ഗവായി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
മനുഷ്യത്വം ഒട്ടുമില്ലാത്ത നടപടികളാണ് ഈ മേഖലയിൽ നടക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന് ഈ മേഖലയിലുള്ള മേൽനോട്ടക്കാരും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമാണ് ഇങ്ങനെയുള്ള മനുഷ്യത്വ രഹിതമായ ജോലി ചെയ്യിപ്പിക്കുന്നതെന്നും ഇത്തരം കുറ്റങ്ങൾക്കെതിരേ സ്വമേധയാ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനു പോലും അധികാരമില്ലെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മറുപടി നൽകി.
പട്ടികജാതി, പട്ടികവർഗ അതിക്രമണങ്ങൾ ചെറുക്കാനുള്ള വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരേ കേന്ദ്രസർക്കാർ നൽകിയ പുനഃപരിശോധന ഹർജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
കേസിൽ വാദം പൂർത്തിയാക്കിയ മൂന്നംഗ ബെഞ്ച്, വിധി പറയാനായി മാറ്റി.