മുത്തലാക്ക് നിയമം യുപിയിലെ നിയമബിരുദ പാഠ്യപദ്ധതിയിൽ
Thursday, September 19, 2019 12:36 AM IST
ബറേലി (യുപി): മുത്തലാക്ക് നിയമം ഉത്തർപ്രദേശിലെ ജ്യോതിബ ഫൂലെ റോഹിൽഖണ്ഡ് സർവകലാശാലയുടെ നിയമബിരുദ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. മുത്തലാക്ക് നിയമം ഉൾപ്പെടുത്തി എൽഎൽബി, എൽഎല്‍എം വിദ്യാർഥികളുടെ സിലബസ് പരിഷ്കരിക്കാൻ നിയമവിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിക്കുകയായിരുന്നുവെന്ന് നിയമവകുപ്പ് തലവൻ അമിത് സിംഗ് പറഞ്ഞു.
ഈ പുതിയ നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യ സർവകലാശാല തങ്ങളുടേതാകാം. പുതിയ ചട്ടങ്ങളും നിയമങ്ങളും സിലബസിൽ ചേർക്കുകയും പ്രയോഗത്തിലില്ലാത്തവ എടുത്തുകളയുകയും ചെയ്യുന്നതിന്റെ ഭാഗമായാണു തീരുമാനം. മുസ്ലിം വനിതാ (വിവാഹവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ സംരക്ഷണം) നിയമം 2019 മൂന്നാം വർഷ എൽഎൽബി വിദ്യാർഥികളുടെ കുടുംബ നിയമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുത്തലാക്ക് നിയമം സംബന്ധിച്ച ഡോക്ടറൽ പഠനത്തിന് ഒരു വിദ്യാർഥിക്ക് സർവകലാശാല അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാക്ക് വിഷയത്തിൽ സംവാദത്തിനു തയാറാകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.