കോൺഗ്രസ് രാജ്യസഭാംഗം കെ.സി. രാമമൂർത്തി രാജിവച്ചു
Thursday, October 17, 2019 1:38 AM IST
ന്യൂഡൽഹി: കർണാടകയിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗം കെ.സി. രാമമൂർത്തി രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്. രാമമൂർത്തിയുടെ രാജി രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു സ്വീകരിച്ചു.
ഏതാനും നാൾ മുന്പ് ആസാമിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ ഭുവനേശ്വർ കലിത, സഞ്ജയ് സിംഗ് എന്നിവർ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. സമാജ്വാദി പാർട്ടിയുടെ രാജ്യസഭാംഗങ്ങളായ നീരജ് ശേഖർ, സുരേന്ദ്ര നഗർ, സഞ്ജയ് സേത്ത് എന്നിവർ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇവർ ബിജെപി ടിക്കറ്റിൽ വീണ്ടും രാജ്യസഭാംഗങ്ങളായി. ജൂണിൽ നാലു ടിഡിപി രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു.
രാമമൂർത്തി രാജിവച്ചതോടെ രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം 45 ആയി.