നടി ടി.പി. രാധാമണി അന്തരിച്ചു
Monday, October 21, 2019 12:29 AM IST
ചെന്നൈ: പഴയകാല നടി ടി.പി. രാധാമണി(67) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിനു ചെന്നൈയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് കനയ്യലാൽ. മകൻ അഭിനയ്. സംസ്കാരം ഇന്നു ചെന്നൈയിൽ നടക്കും.
അരവിന്ദന്റെ ഉത്തരായനം, കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം, മുദ്ര തുടങ്ങി മുപ്പത്തിയഞ്ച് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ഹിറ്റ്ലറാണ് അവസാന മലയാള ചിത്രം. എഴുപതുകളിൽ സിനിമാരംഗത്ത് സജീവമായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തന്പ്രാൻ തൊടുത്തത് മലരന്പ്’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചു. തിലകന്റെ ആദ്യസിനിമയായ പെരിയാറിൽ തിലകന്റെ സഹോദരിയായി വേഷമിട്ടതു രാധാമണിയായിരുന്നു. സത്യൻ, പ്രേംനസീർ എന്നീ നടന്മാർക്കൊപ്പം രാധാമണി ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.