കർതാർപുർ ഇടനാഴി ഉദ്ഘാടനം ഇന്ന്
Saturday, November 9, 2019 12:36 AM IST
ന്യൂഡൽഹി: കർതാർപുർ ഇടനാഴി ഉദ്ഘാടനം ഇന്നു നടക്കും. ആയിരക്കണക്കിനു സിക്ക് മത വിശ്വാസികളാണ് പാക്കിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ കാത്തിരിക്കുന്നത്. പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിൽ ദർബാർ സാഹിബ് ഗുരുദ്വാരയും ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക് ഗുരുദ്വാരയും ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി.
ദേരാ ബാബാ നാനാക്കിൽ സ്ഥിതി ചെയ്യുന്ന, കർതാർപുർ ഇടനാഴിയുടെ സംയോജിത ചെക് പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. തുടർന്ന് നദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള 500 ഇന്ത്യൻ തീർഥാടകരുടെ യാത്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. പാക്കിസ്ഥാൻ ഭാഗത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള സിക്ക് തീർഥാടകരെ ഇമ്രാൻ സ്വീകരിക്കും.
ഇന്നു കർതാർപുർ ഇടനാഴി വഴി കടന്നു പോകുന്ന തീർഥാടകർ 20 ഡോളർ വീതം നല്കണമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇതു തിരുത്തി പാക്കിസ്ഥാന്റെ അറിയിപ്പ് വന്നു.