രാഹുലിനെതിരേ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
Friday, November 15, 2019 1:10 AM IST
ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രിക്കെതിരേ ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന പരാമർശം നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു.
രാഹുൽ നൽകിയ നിരുപാധിക മാപ്പപേക്ഷ അംഗീകരിച്ചാണു സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാഹുലിനെതിരേയുള്ള കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്നും കൂടുതൽ സൂക്ഷ്മതയോടെ വേണം പെരുമാറാനെന്നും കോടതി നിർദേശിച്ചു.