ജെഎൻയു സമരം: പോലീസ് നടപടിക്കെതിരേ രാജ്യസഭയിൽ ബഹളം
Wednesday, November 20, 2019 12:43 AM IST
ന്യൂഡൽഹി: ഫീസ് വർധന സംബന്ധിച്ച വിഷയത്തിൽ ജെഎൻയു വിദ്യാർഥികൾ നടത്തിയ സമരത്തിനെതിരേ പോലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ ബഹളം.
വിഷയത്തിൽ സിപിഐ എംപി ബിനോയ് വിശ്വം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരേ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതാണ് ബഹളത്തിനിടയാക്കിയത്.
ജെഎൻയു വിഷയത്തിനൊപ്പം കാഷ്മീരിലെ നിയന്ത്രണങ്ങളും ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന എസ്പിജി സംരക്ഷണവും റദ്ദാക്കിയതു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അടക്കമുള്ളവരും രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഇതേത്തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സഭാ നടപടികൾ നിർത്തിവച്ചു.
അതേസമയം, ഉച്ചകഴിഞ്ഞു ചേർന്ന സഭ ജാലിയൻവാലാബാഗ് ദേശീയ മെമ്മോറിയൽ ബിൽ പാസാക്കി. ജാലിയൻവാലാബാഗ് ട്രസ്റ്റിൽ കോണ്ഗ്രസ് അംഗങ്ങളെ പുറത്താക്കുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബിൽ എതിർപ്പുകളെ ത്തുടർന്ന് ചില ഭേദഗതികൾ വരുത്തിയാണ് പാസാക്കിയത്.
കോണ്ഗ്രസ് പ്രസിഡന്റിനെ ട്രസ്റ്റ് അംഗത്തിൽനിന്ന് ഒഴിവാക്കാനായിരുന്നു ഭേദഗതി. സർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം എതിർത്തതോടെ കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കാനാകാഞ്ഞതിനെ തുടർന്നാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്.
പ്രതിപക്ഷ നേതാവ് എന്നതിനു പകരം ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി നേതാവ് എന്നാക്കി ഭേദഗതി ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.