പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
Wednesday, November 20, 2019 12:43 AM IST
ലാഹോർ/ഹൈദരാബാദ് (ഇന്ത്യ): അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ. പ്രശാന്ത് വൈന്തം, വാരി ലാൽ എന്നിവരെയാണ് നവംബർ 14 ന് പാക് പോലീസ് അറസ്റ്റ് ചെയ്തത്. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെ ബഹവാൽപുർ ജില്ലയിലെ ചോലിസ്ഥാനിൽനിന്നാണ് അറസ്റ്റ്. ഇരുവരെയും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ)ക്കു കൈമാറിയതായി പോലീസ് അറിയിച്ചു. പ്രശാന്ത് ആന്ധ്ര ഹൈദരാബാദ് സ്വദേശിയും വാരി മധ്യപ്രദേശ് സ്വദേശിയുമാണ്.
സോഫ്റ്റ് വെയർ എൻജിനിയറായ പ്രശാന്തിനെ രണ്ടു വർഷം മുന്പ് കാണാതാവുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രശാന്ത് വിഷാദരോഗത്തിനടിമായിയിരുന്നെന്നു പിതാവ് ബാബുറാവു പറഞ്ഞു. ഹൈദരാബാദിലെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രശാന്തിനെ കാണാതായെന്നു 2017 ൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 ഏപ്രിൽ 11 മുതൽ പ്രശാന്തിനെ കാണാതായി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്ത് സഹപ്രവർത്തകയെ വിവാഹം കഴിക്കുന്നതിനെപ്പറ്റി പ്രശാന്ത് സൂചിപ്പിച്ചിരുന്നു. പിന്നീട്, ഈ യുവതി സ്വിറ്റ്സർലൻഡിലേക്കു പോയി. യുവതിയെ കാണാൻ പ്രശാന്ത് പോയതായിരിക്കുമെന്ന് കരുതിയതായും റാവു പറഞ്ഞു. പ്രശാന്തിന്റെ അറസ്റ്റിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ദേര ഖാസി ഖാൻ പട്ടണത്തിൽനിന്ന് ഇന്ത്യൻ ചാരനെ പിടികൂടിയതായി ഓഗസ്റ്റിൽ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ബലൂച്ചിസ്ഥാനിൽനിന്ന് രാജു ലക്ഷ്മൺ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കുൽഭൂഷൻ ജാദവിനെയും ബലൂച്ചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.