അയോധ്യ: പിന്തുണ തേടി ലീഗ് നേതാക്കൾ സോണിയ ഗാന്ധിയെ കണ്ടു
Thursday, November 21, 2019 12:49 AM IST
ന്യൂഡൽഹി: അയോധ്യ കേസിലെ ഉത്തരവിനെതിരേയുള്ള നിയമനടപടികളിൽ പിന്തുണ തേടി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി ഉത്തരവിനെ മുസ്ലിം ലീഗ് ബഹുമാനിക്കുന്നു. എന്നാൽ, നിയമ പ്രകാരമുള്ള ജൂഡീഷൽ നടപടികളുടെ സാധുതയാണ് പരിശോധിക്കുന്നത്. അയോധ്യ കേസിൽ മുസ്ലിം വിഭാഗത്തിന്റെ വാദം ശരിയായ രീതിയിൽ കേട്ടിട്ടില്ലെന്നു പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും അക്കാര്യം സോണിയാ ഗാന്ധിയെ ധരിപ്പിച്ചെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വിശദമാക്കി.
ദേശീയ തലത്തിൽ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് കൂടുതൽ ശക്തമായ പ്രവർത്തനം ആവശ്യമാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ശരിക്കും ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. ന്യൂനപക്ഷ സംരക്ഷണത്തിനു കൂടുതൽ ഏകോപന പ്രവർത്തനങ്ങൾ കോണ്‍ഗ്രസ് നടത്താനുണ്ട്. കോണ്‍ഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണം. മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ കോണ്‍ഗ്രസ് മുൻകൈ എടുക്കണമെന്നും നേതാക്കൾ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.