മകളുടെയും പങ്കജയുടെയും പരാജയത്തിനു കാരണം ബിജെപിയിലെ ചില നേതാക്കളെന്ന് ഏക്നാഥ് ഖഡ്സെ
Wednesday, December 4, 2019 11:59 PM IST
മുംബൈ: തന്റെ മകൾ രോഹിണിയുടെയും മുൻ മന്ത്രി പങ്കജ മുണ്ടെയുടെയും പരാജയത്തിനു കാരണം ബിജെപിയിലെ ചില നേതാക്കളാണെന്ന ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ. മഹാരാഷ്ട്രയിൽ ബിജെപിയുടെ അംഗബലം 105 ആയി കുറയാൻ കാരണക്കാരായവർക്കെതിരേ നടപടി വേണമെന്ന് ഖഡ്സെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ ബിജെപിക്ക് അധികാരത്തിൽ തുടരാനാവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പരാജയത്തിനു കാരണക്കാരനായി ദേവേന്ദ്ര ഫഡ്നാവിസിനെ ആണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, മുഴുവൻ പ്രചാരണം നയിച്ചയാളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് ഖഡ്സെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഖഡ്സെയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.