പേരറിവാളന്റെ പരോൾ നീട്ടി
Saturday, December 14, 2019 12:42 AM IST
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എ.ജി. പേരറിവാളന്റെ പരോൾ ഒരു മാസം കൂടി നീട്ടി. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ ഏഴുപേരാണ് അനുഭവിക്കുന്നത്.
പേരറിവാളന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് അമ്മ അർപുതമ്മാൾ നൽകിയ അപേക്ഷയിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് പരോൾ ഒരു മാസം കൂടി നീട്ടി നൽകിയത്. വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പേരറിവാളന് നവംബർ 12നാണ് ഒരു മാസത്തെ പരോൾ ലഭിച്ചത്. വ്യാഴാഴ്ച ഇതിന്റെ കാലാവധിയും അവസാനിക്കുകയും ചെയ്തു. എല്ലാ ദിവസവും അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്ന നിബന്ധനയിലാണ് പരോൾ നീട്ടി നൽകിയിരിക്കുന്നത്.
പരോൾ കാലത്ത് 15 അംഗ പോലീസ് സംഘം പേരറിവാളന്റെ വീടിനു കാവൽ നിൽക്കും.