ഗവർണർ ഡൽഹിയിൽ പത്രക്കാരോടു പറഞ്ഞത്
Saturday, January 18, 2020 12:24 AM IST
• സർക്കാരും ഗവർണറും രണ്ടു പാതയിലാണോ?
ഞാൻ പൂർണമായും ഭരണഘടനാപരമായാണ് നീങ്ങുന്നത്.
• മുഖ്യമന്ത്രി പിണറായി വിജയന്റെ റസിഡന്റ് പരാമർശം ?
ഇത് കൊളോണിയൽ കാലമല്ല. ഇത് നിയമവാഴ്ചയുടെ കാലമാണ്. ഭരണഘടനയാണ് എല്ലാറ്റിനും മുകളിലുള്ളത്. നമ്മൾ കൊളോണിയൽ ഇന്ത്യയിൽ അല്ല ജീവിക്കുന്നതെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത്. നിയമം എനിക്കും അദ്ദേഹത്തിനും മറ്റെല്ലാറ്റിനും മുകളിലാണ് നിൽക്കുന്നത്.
• കേരളത്തിൽ ഭരണഘടനാപരമായ സ്തംഭനാവസ്ഥ ഉണ്ടോ?
എന്തിനാണ് തോക്കിൽകയറി വെടിവയ്ക്കുന്നത്. സർക്കാർ സ്വയം തിരുത്തി മുന്നോട്ടു വരില്ലെന്ന കണക്കുകൂട്ടലിന്റെ ആവശ്യമുണ്ടോ.
• ഈ വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചോ?
അതിനുള്ള സാഹചര്യം ആയിട്ടില്ല. കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ അതിലേക്കു കടക്കൂ.
• ഗവർണർ മോദിയുടെയും അമിത് ഷായുടെയും വക്താവാണെന്ന ആരോപണം?
ഞാൻ എന്റെ മാത്രം വക്താവാണ്, മറ്റാരുടെയുമല്ല. ഞാൻ ഒരു സർക്കാരിനെയുമല്ല, മറിച്ചു രാഷ്ട്രപതിയെ ആണ് പ്രതിനിധീകരിക്കുന്നത്. ഒരിക്കൽ രാഷ്ട്രപതി ഒപ്പുവച്ചു നിയമം ആയതിനെ പ്രതിരോധിക്കുക എന്നത് എന്റെ കടമായാണ്.
• ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ?
ഗവർണർ എന്ന നിലയിൽ സത്യപ്രതിജ്ഞ ലംഘിക്കില്ല.
• കേരള സർക്കാർ ബീഫിനെ ഉയർത്തിക്കാണിക്കാൻ ശ്രമം നടത്തുന്നുണ്ടോ ?
ഞാനതൊന്നും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
• ബിജെപി സർക്കാരും എംപിമാരും ഗോഡ്സെയെയും സവർക്കറെയും ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നുണ്ടോ ?
അതാണോ നമ്മൾ ഇപ്പോൾ ഇവിടെ സംസാരിക്കുന്ന വിഷയം. അത്തരം കാര്യങ്ങൾക്കൊക്കെ ഞാനാണോ മറുപടി പറയേണ്ടത്. അതൊക്കെ ബിജെപി നേതാക്കളോടു ചോദിക്കണം.