പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയവുമായി രാജസ്ഥാനും
Monday, January 20, 2020 12:27 AM IST
ജയ്പുർ: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജസ്ഥാനും പ്രമേയം പാസാക്കുന്നു. ചൊവ്വാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രമേയം പാസാക്കാനാണ് അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിന്റെ നീക്കം. പ്രമേയം കൊണ്ടുവരണമെന്നു ബിഎസ്പിയിൽ നിന്ന് കഴിഞ്ഞവർഷം കോൺഗ്രസിലേക്കു കൂറുമാറിയ ആറ് എംഎൽഎമാരിലൊരാളായ വാജിബ് അലി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണെന്നും നിയമ ഭേദഗതി ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ലെന്നും സാമൂഹ്യസംഘർഷത്തിന് ഇതു വഴിതെളിക്കുമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ അലി ചൂണ്ടിക്കാട്ടി.
എന്നാൽ പ്രമേയത്തെ ശക്തമായി എതിര്‍ക്കുമെന്നു പ്രതിപക്ഷമായ ബിജെപി വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രിയോ സർക്കാരോ ആയാലും അതിനു മാറ്റമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ സതീഷ് പുനിയ പറഞ്ഞു.
നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളവും പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.