ചൈനയിൽനിന്നു വരുന്നവർക്കു പരിശോധന കൊച്ചിയിലും
Wednesday, January 22, 2020 12:17 AM IST
ന്യൂഡൽഹി: ചൈനയിൽനിന്നു വരുന്ന യാത്രക്കാരിൽ കൊറോണാ വൈറസ് ഉണ്ടോ എന്നു പരിശോധിക്കുന്നത് കൊച്ചി അടക്കം നാല് വിമാനത്താവളങ്ങളിലേക്കു വ്യാപിപ്പിച്ചു. നേരത്തേ ഡൽഹി, മുംബൈ, കോൽക്കത്ത വിമാനത്താവളങ്ങളിലായിരുന്നു പരിശോധന. ഇനി കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രത്യേക പരിശോധന നടത്തും.
പുതിയ വൈറസ് മൂലം ചൈനയിൽ ആറുപേർ ഇതിനകം മരിച്ചു. 291 പേർ ആശുപത്രികളിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. 12 പേർ അതീവ ഗുരുതര നിലയിലും 51 പേർ ഗുരുതരനിലയിലുമാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യം രോഗബാധ ഉണ്ടായത്.