പൗരത്വനിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭം : പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്ന്
Tuesday, January 28, 2020 12:13 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കെതിരായ പ്രക്ഷോഭങ്ങൾക്കു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നൽകിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആഭ്യന്തരമന്ത്രാലയത്തിനു കുറിപ്പു നൽകിയതായി മാധ്യമ റിപ്പോർട്ടുകൾ. ഡിസംബറിലും ജനുവരിയിലുമായി ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളിൽ 1.04 കോടി രൂപ എത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു.
യുപിയിലെ മീററ്റ്, ഷാംലി, മുസാഫർനഗർ, ലക്നോ എന്നിവിടങ്ങളിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്നു യുപി സർക്കാർ നേരത്തേ ആരോപിച്ചിരുന്നു.കപിൽ സിബൽ, ഇന്ദിര ജയ്സിംഗ്, ദുഷ്യന്ത് ദവെ തുടങ്ങിയ അഭിഭാഷകരും പോപ്പുലർ ഫ്രണ്ടിൽനിന്നു പണം പറ്റിയെന്നു ചില മാധ്യമങ്ങൾ ഇഡിയെ ഉദ്ധരിച്ചു റിപ്പോർട്ടുചെയ്തു.
ഹാദിയ കേസിൽ ഹാജരായതിന്റെ പ്രതിഫലമേ തങ്ങൾ പറ്റിയിട്ടുള്ളുവെന്നും അത് 2017-ലും ‘18-ലുമാണെന്നും സിബലും ദവെയും പറഞ്ഞു. താൻ ഒരിക്കലും പോപ്പുലർ ഫ്രണ്ടിൽനിന്നു പണം പറ്റിയിട്ടില്ലെന്ന് ഇന്ദിര വിശദീകരിച്ചു.