തമിഴ്നാട് അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു 19 മലയാളികള്‍ മരിച്ചു
Friday, February 21, 2020 12:46 AM IST
അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികൾക്ക് ദാരുണാന്ത്യം. രണ്ടുപേർ കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. 25 പേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബസിൽ 48 യാത്രക്കാരുണ്ടായിരുന്നതില്‍ 42 പേരും മലയാളികളായിരുന്നു. അഞ്ചുവയസുള്ള കുട്ടി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ 3.15 നാണ് ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കു വന്ന ബസ് അവിനാശിയില്‍ അപകടത്തില്‍പെട്ടത്. സേലത്തേക്കു ടൈല്‍സുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിന്റെ വലതുവശത്തിരുന്നവരാണ് മരിച്ചവരിലേറെയും. ലോറിഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന.
നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലൂടെ 50 മീറ്ററോളം ഓടിയാണ് എതിര്‍വശത്തെ ട്രാക്കിലൂടെ വന്ന ബസിലിടിച്ചത്. ലോറിയില്‍നിന്നു ഭാരമുള്ള കണ്ടെയ്നര്‍ തെറിച്ച് റോഡില്‍ വീണു.
ഇതില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്നറില്‍ കനത്ത ലോഡുണ്ടായിരുന്നതാണ് ആഘാതം വര്‍ധിക്കാന്‍ കാരണമായത്. വലതുഭാഗത്തിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം ഛിന്നഭിന്നമായി.
അവിനാശി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിലും മറ്റും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ അവിനാശി ഗവ.ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പിന്നീട് തിരുപ്പൂര്‍ ഗവ.ആശുപത്രി, തിരുപ്പൂര്‍ രേവതി ആശുപത്രി, ദീപ റോയല്‍ കെയര്‍, കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ ഗവ.ആശുപത്രിയിലാണ് പോസ്റ്റുമോര്ട്ടംചെയ്തത്.
ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞയുടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങൾ വിട്ടുകൊടുത്തു.
അപകടത്തിൽ മരിച്ചവർ ഇവർ:
കെഎസ്ആര്‍ടിസി ഡ്രൈവർ കം കണ്ടക്ടർമാരായ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ഗിരീഷ് (43), എറണാകുളം ആരക്കുന്നം വെളിയനാട് ബൈജു (37), തൃശൂർ ജില്ലയിലെ ചിയ്യാരം ചിറ്റിലപ്പിള്ളി സി.ജെ. പോളിയുടെ മകൻ ജോഫി പോൾ സി. (33), ഒല്ലൂർ അപ്പാടൻ ഇഗ്നി റാഫേല്‍ (39), അരിമ്പൂര്‍ കൊള്ളന്നൂര്‍ കൊട്ടേക്കാട്ടുകാരന്‍ ഡേവിസിന്റെ മകന് യേശുദാസ് (37), മുതുവറ മണികണ്ഠന്റെ മകന് അനീഷ് (24), എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടില്‍ സ്നിജോയുടെ ഭാര്യ അനു (26), അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ തൃശൂർ കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പരേതനായ ശശികുമാറിന്റെ മകൻ കിരണ്‍കുമാർ (24), കര്‍ണാടകയിലെ ബെല്‍ഗാമില്‍ സ്ഥിരതാമസമാക്കിയ തൃശൂർ തൃക്കൂർ സ്വദേശി മാനസി മണികണ്ഠൻ (25), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ശിവകുമാർ (35), ആലപ്പുഴ തുറവൂർ കിടങ്ങന്‍ ഹൗസ് ജിസ്മോൻ ഷാജു (24), എറണാകുളം ഇടപ്പള്ളി ഐശ്വര്യ (24), തൃപ്പൂണിത്തുറ ഗോപിക ഗോകുൽ (23), പാലക്കാട് ശാന്തി കോളനി റോസിലിൻ (61), എറണാകുളം സ്വദേശി എം.സി. മാത്യു(30), തിരുവേഗപ്പുറ ചെമ്പ്ര ആലിന്‍ചുവട് കൊണ്ടപറമ്പ് ശശിധരന് നായരുടെ മകന് രാഗേഷ് (34), തൃപ്പൂണിത്തുറ തിരുവാങ്കുളം കോക്കപ്പിള്ളി സ്വദേശി പി. ശിവശങ്കർ (27), പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍.വി. ചന്ദ്രന്റെയും ശ്യാമളയുടെയും മകന് എന്‍.വി. സനൂപ്(29).