മെലാനിയ ട്രംപിന്റെ ഡൽഹി സ്കൂൾ സന്ദർശനത്തിൽ കേജരിവാളിനു ക്ഷണമില്ല
Sunday, February 23, 2020 12:04 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന പത്നി മെലാനിയ ട്രംപിന്റെ ഡൽഹി സ്കൂൾ സന്ദർശന പരിപാടിക്ക് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ക്ഷണമില്ല. ചടങ്ങിലേക്ക് കേജരിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ക്ഷണിച്ചിട്ടില്ലെന്ന് ആംആദ്മി പാർട്ടി പറയുന്നു.
ഡൽഹി സ്കൂളിലെ ഹാപ്പിനസ് ക്ലാസിൽ മെലാനിയ സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ വിശിഷ്ടാതിഥിയായാണ് മെലാനിയ എത്തുന്നത്. ഒരു മണിക്കൂർ നീളുന്ന സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു. ദക്ഷിണ ഡൽഹിയിൽ സ്കൂളിൽ മെലാനിയ ട്രംപിനെ സ്വീകരിക്കാൻ കേജരിവാളും സിസോദിയയും പദ്ധതിയിട്ടിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇതിൽ ഇടപെട്ട് ഇരുവരെയും ഒഴിവാക്കുകയായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ഡൽഹി സർക്കാരിനു കീഴിലാണ് സ്കൂൾ എന്നും ഇവിടെ നടക്കുന്ന പരിപാടിയിലേക്ക് കേജരിവാളിനെയോ സിസോദിയയെയോ ക്ഷണിക്കേണ്ടതായിരുന്നു എന്നുമാണ് ആംആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നത്. മനീഷ് സിസോദിയയാണ് ഡൽഹിയിലെ വിദ്യാർഥികൾക്കായി ഹാപ്പിനസ് പാഠ്യപദ്ധതി രണ്ട് വർഷങ്ങൾക്ക് മുന്പ് കൊണ്ടു വന്നത്. വിദ്യാർഥികളിലെ സമർദം കുറക്കുകയാണ് പ്രധാന ലക്ഷ്യം. 40 മിനിറ്റ് നീളുന്ന മെഡിറ്റേഷൻ, റിലാക്സിംഗ്, ഒൗട്ട്ഡോർ ആക്ടിവിറ്റി എന്നിവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.