ഷഹീൻബാഗിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു പോലീസെന്നു മധ്യസ്ഥൻ ഹബീബുള്ള
Monday, February 24, 2020 2:56 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം സമാധാനപരമാണെന്നും സമീപത്തെ അഞ്ച് റോഡുകൾ സ്തംഭിപ്പിച്ച് പോലീസാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥൻ വജഹത് ഹബീബുള്ള. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുൻ വിവരാവകാശ കമ്മീഷണർ കൂടിയായ ഹബീബുള്ള സമരക്കാരെ അനുകൂലിച്ച് നിലപാട് അറിയിച്ചത്.
സമരം നടക്കുന്ന ഷഹീൻബാഗിനോടു ചേർന്നുള്ള അഞ്ച് റോഡുകൾ യാതൊരു ആവശ്യവുമില്ലാതെ പോലീസ് ബാരിക്കേഡുകൾ ഉയർത്തി അടച്ചിട്ടുണ്ട്. പ്രതിഷേധസമരത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നതിനാണ് ഇത്. ഈ റോഡുകൾകൂടി അടിച്ചിട്ടതോടെ നോയിഡയിലേക്കുള്ള ഗതാഗത പ്രശ്നം രൂക്ഷമാവുകയും അതിന്റെ ഉത്തരവാദിത്തം സമരക്കാർക്കാണെന്നു വരുത്തുകയുമാണ് ഇതിലൂടെ പോലീസ് ലക്ഷ്യമാക്കുന്നതെന്നും വജഹത് ഹബീബുള്ള പറയുന്നു. അഞ്ച് റോഡുകൾ അടച്ചിടുന്നതിനായി ഉത്തരവിട്ട ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമാക്കാൻ പോലീസിനു നിർദേശം നൽകണമെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി- നോയിഡ റോഡിൽ സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന ആവശ്യത്തിൽ പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ മധ്യസ്ഥരായി മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രൻ, വജഹത് ഹബീബുള്ള എന്നിവരെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഇതേത്തുടർന്ന് ഷഹീൻബാഗ് സന്ദർശിച്ചതിനു ശേഷമാണ് ഹബീബുള്ള സത്യവാങ്മൂലം നൽകിയത്. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.
സമരക്കാരുമായി ചർച്ച നടത്തിയ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും ഇക്കാര്യത്തിൽ ഇന്ന് നിലപാടറിയിക്കും. പ്രതിഷേധം നടത്താൻ അവകാശമുണ്ടെ ങ്കിലും അതിന്റെ പേരിൽ സ്ഥിരമായി ഗതാഗതം സ്തംഭിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നായിരുന്നു ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.