ഏപ്രിൽ 30 വരെ സർവീസില്ലെന്ന് എയർ ഇന്ത്യ
Sunday, April 5, 2020 12:45 AM IST
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാലും ഏപ്രിൽ 30 വരെ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ. ഏപ്രിൽ 30വരെയുള്ള വിമാനടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചതായി എയർഇന്ത്യ അറിയിച്ചു. ലോക്ക് ഡൗണിനുശേഷമുള്ള സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.
ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യത്തെ എല്ലാ വിമാന സർവീസുകളും ഏപ്രിൽ 14 വരെ നിർത്തിവച്ചിരിക്കുകയാണ്. ഏപ്രിൽ 14നു ശേഷം ഏത് തീയതിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള അറിയിച്ചിരുന്നു.
ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചർച്ചയിൽ ധാരണയായത്. ഇതിനിടെ യുഎഇയിൽനിന്നുള്ള എമിറേറ്റ്സിന്റെ പ്രത്യേക വിമാനത്തിന് ഇന്ത്യ ഇതുവരെയും അനുമതി നൽകിയിട്ടില്ല.