ലഡാക്ക് അതിർത്തിയിൽ ചൈനയുടെ യുദ്ധസന്നാഹം
Wednesday, May 27, 2020 12:03 AM IST
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈന-ഇന്ത്യ സംഘർഷം മൂർച്ഛിക്കുന്നു. അതിർത്തിയിൽ തർക്കം തുടരുന്ന പാങ്ങോംഗ് തടാകത്തിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ചൈനയുടെ നഗാഡി കുൻഷ സൈനിക വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്നാഴ്ച കൊണ്ടു വൻതോതിൽ നിർമാണ പ്രവർത്തനങ്ങളും തയാറെടുത്തു നിർത്തിയിരിക്കുന്ന നാലു പോർവിമാനങ്ങളും ഉപ ഗ്രഹ ചിത്രങ്ങളിൽ കണ്ടെത്തി.
വളരെ ഉയർന്ന പ്രദേശത്തുള്ള വിമാനത്താവളത്തിൽ സമീപകാലത്ത് ആദ്യമായാണ് പോർവിമാനങ്ങൾ കണ്ടത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) 5,000 സൈനികരെയെങ്കിലും കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിട്ടുമുണ്ട്. 1999ലെ കാർഗിൽ യുദ്ധത്തിനുശേഷം ആദ്യമാണ് ഈ പ്രദേശത്ത് ഇത്രയേറെ വലിയ സൈനിക നീക്കം നടക്കുന്നത്. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യ റോഡ് നിർമിക്കുന്നതിന്റെ പേരിലാണ് ചൈനയുടെ പുതിയ സമ്മർദനീക്കം.

നിയന്ത്രണരേഖയിൽ മൂന്നാ ഴ്ചയായി തുടരുന്ന സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈന കൂടുതൽ യുദ്ധസന്നാഹങ്ങൾ ഇന്ത്യൻ അതിർത്തിയിൽ ഒരുക്കിയതായി കണ്ടെത്തിയത്. കിഴക്കൻ ലഡാക്കിലും സിക്കിമിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷങ്ങളുണ്ടായി.
മേയ് 5, 6 തീയതികളിൽ ലഡാക്കിലെ പാങ്ങോംഗ് തടാകപ്രദേശത്താണു സംഘർഷം തുടങ്ങിയത്.പിന്നീടു സിക്കിമിലും ഏറ്റുമുട്ടലുണ്ടായി. ഏപ്രിൽ ആറിന് ഇന്ത്യൻ വ്യോമസേന പുറത്തുവിട്ട ചിത്രത്തിൽനിന്നു വലിയ തോതിലുള്ള വ്യത്യാസമാണ് മേയ് 21ലെ ഉപഗ്രഹ ചിത്രത്തിലുള്ളത്.
ചൈനയുടെ പഴയ റണ്‍വേയുടെ സമീപത്തായി ഹെലികോപ്റ്ററുകൾക്കും മറ്റും പാർക്കു ചെയ്യാവുന്ന രണ്ടാമതൊരു റണ്വേകൂടി പുതുതായി നിർമിച്ചിട്ടുണ്ട്. പ്രധാന റണ്‍വേയുടെ തുടക്കത്തിൽ നാലു ചൈനീസ് പോർ വിമാനങ്ങളാണ് ഏതു സമയവും പറന്നുയരാൻ സജ്ജമായി പാർക്ക് ചെയ്തിരിക്കുന്നത്.
പാർലമെന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യീ നടത്തിയ നൂറു മിനിറ്റു നീണ്ട പത്രസമ്മേളനത്തിൽ പക്ഷേ ഇന്ത്യയെ പരാമർശിച്ചതേയില്ല. ഇന്ത്യൻ സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനു വേണ്ടിയാണ് അതിർത്തിയിൽനിന്ന് ഇന്ത്യ റോഡ് നിർമിക്കുന്നത്. മറുവശത്തു ചൈനയാകട്ടെ കൈവശ രേഖയുടെ 500 മീറ്റർ വരെയടുത്തു നിരവധി റോഡുകളും നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുമുണ്ട്.
ജോർജ് കള്ളിവയലിൽ