തബ്ലീഗ് സമ്മേളനം: 294 വിദേശികൾക്കെതിരേ കേസ്, 15 കുറ്റപത്രങ്ങൾകൂടി
Wednesday, May 27, 2020 11:41 PM IST
ന്യൂഡൽഹി: വീസ ചട്ടങ്ങൾ ലംഘിച്ച് ഡൽഹിയിലെ നിസാമുദീൻ മർക്കസിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് 294 വിദേശികൾക്കെതിരേ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മലേഷ്യ, തായ്ലൻഡ്, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. 15 കുറ്റപത്രങ്ങളാണ് ഇവർക്കെതിരേയുള്ളത്. നേരത്തേ 20 കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. സാകേത് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. മാർച്ചിൽ കോവിഡ് ഹോട്ട്സ്പോട്ട് മേഖലയിൽ നിസാമുദീനിൽ യോഗം ചേർന്നതിനും കേസെടുത്തിട്ടുണ്ട്. യോഗത്തിനെത്തിയവരിൽ പലർക്കും കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് 25,500 തബ്ലീഗ് അംഗങ്ങളാണ് ക്വാറന്റീനിലായത്.