നിയന്ത്രണ വിധേയമെന്നു കേജരിവാൾ
Thursday, July 2, 2020 12:26 AM IST
ന്യൂഡൽഹി: കോവിഡ് ഭീതി വിട്ടൊഴിയാതെ നിൽക്കുന്പോഴും ഡൽഹിയിൽ കോവിഡ് നിയന്ത്രണ വിധേയമായി എന്ന അവകാശവാദവുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ജൂണിൽ ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടക്കുമെന്ന പ്രചാരണം തെറ്റി.
ജൂണിൽ ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 26,000 മാത്രമാണെന്നും കേജരിവാൾ പറഞ്ഞു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞതായി കേജരിവാൾ അവകാശപ്പെട്ടു.
ഡൽഹിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 87,000 കവിഞ്ഞു. ഇന്നലെ 24 മണിക്കൂറിനുള്ളിൽ മാത്രം 2,199 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചരുടെ എണ്ണം 2,742 ആണ്. ഒരു ദിവസം മാത്രം 62 പേർ മരിച്ചു. നിലവിൽ 26,270 ആക്ടീവ് കോവിഡ് കേസുകളാണ് ഡൽഹിയിൽ ഉള്ളത്. ഡൽഹിയിൽ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മുൻപ് 100 പേരുടെ പരിശോധനാ ഫലങ്ങളിൽ 31 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നൂറുപേരെ പരിശോധിക്കുന്പോൾ 13 പോസിറ്റീവ് കേസുകൾ ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കേജരിവാൾ പറഞ്ഞത്.