കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച് ദുബെ മരിക്കും മുന്‍പ് ഹർജി
Saturday, July 11, 2020 12:49 AM IST
ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതിനു മുന്‍പേ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതിയിൽ ഹർജി. വികാസ് ദുബെയുടെ അഞ്ച് കൂട്ടാളികൾ വിവിധ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വികാസ് ദുബെയും കൊല്ലപ്പെട്ടേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കാണ്‍പൂരിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരാണു വികാസ് ദുബെയും കൂട്ടാളികളും. ഇക്കാര്യത്തിലുള്ള അന്വേഷണം നടക്കുന്നതിനൊപ്പം വികാസ് ദുബെയുടെ കൂട്ടാളികൾ കൊല്ലപ്പെട്ടതിനെക്കുറിച്ചും അന്വേഷണം നടക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ, ഹർജി പരിഗണിക്കുന്നതിനു മുന്‍പേതന്നെ ഇന്നലെ രാവിലെ വികാസ് ദുബെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പോലീസ് അറിയിക്കുകയായിരുന്നു.