അഖിൽ ഗൊഗോയിക്കു ആവശ്യമായ ചികിത്സയൊരുക്കണമെന്നു നൂറിലധികം എഴുത്തുകാർ
Monday, July 13, 2020 12:15 AM IST
ഗോഹട്ടി: ജയിലിൽ കഴിയവേ കോവിഡ് ബാധിച്ച കർഷക നേതാവ് അഖിൽ ഗൊഗോയിക്കും സഹപ്രവർത്തകർക്കും ആവശ്യമായ ചികിത്സയൊരുക്കണമെന്ന് ആസാമിലെ നൂറിലധികം പ്രമുഖ എഴുത്തുകാർ മുഖ്യമന്ത്രിയോട് തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തെത്തുടർന്നാണു അഖിൽ ഗൊഗോയി അറസ്റ്റിലായത്. നീലണി ഫൂക്കൻ, ഹിരേൻ ഗൊഹെയ്ൻ, പ്രഭാത് ബോറ, അപൂർബ ശർമ, ജ്ഞാൻ പൂജാരി, അരുപ പടാംഗിയ കലിത, സമീർ തന്തി തുടങ്ങിയ എഴുത്തുകാർ കത്തിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.
അഖിൽ ഗൊഗോയി, സഹപ്രവർത്തകരായ ധൊരാജിയ കൊൻവർ, ബിട്ടു സോനോവാൾ എന്നിവർ ഉൾപ്പെടെ ഗോഹട്ടി സെൻട്രൽ ജയിലിലെ 52 തടവുകാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കോടതിയുടെ ഇടപെട്ടാണ് ഗൊഗോയിക്കും സഹപ്രവർത്തകർക്കും കോവിഡ് പരിശോധന നടത്തിയത്.