ഗെഹ്ലോട്ടിന്റെ നടപടികളിൽ ഹൈക്കമാൻഡിനും അതൃപ്തി
Monday, July 13, 2020 12:15 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ എംഎൽഎമാർക്കു കോടികൾ വാദ്ഗാനം ചെയ്തു കുതിരക്കച്ചവടത്തിനു ശ്രമം നടക്കുന്നു എന്ന പരാതിയിൽ സച്ചിൻ പൈലറ്റിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് കോണ്ഗ്രസ് ഹൈക്കമാൻഡിനും അതൃപ്തി. മധ്യപ്രദേശിലെ സാഹചര്യം ആവർത്തിക്കാൻ രാജസ്ഥാനിൽ അനുവദിക്കില്ലെന്നും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സ്ഥിതിഗതികൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെ ന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്ഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കുതിരക്കച്ചവടം നടന്നെന്നു ചൂണ്ടിക്കാട്ടി രാജ്യസഭ ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് പരാതി നൽകിയത്. തുടർന്നാണ് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി സ്പെഷ ൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സച്ചിൻ പൈലറ്റിന് കത്തു നൽകിയത്. ഇതിനുമുന്പ് ഒരിക്കൽ പോലും സംസ്ഥാന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഒരാൾക്ക് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും വിഷയത്തിൽ ഇടപെടാൻ കോണ്ഗ്രസ് ഹൈക്കമാൻഡും മടിക്കുകയാണെന്നുമാണ് സച്ചിൻ പൈലറ്റിന്റെ അനുയായികൾ ആരോപിക്കുന്നത്.
എന്നാൽ, ചോദ്യംചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് തനിക്കും കത്ത് ലഭിച്ചുവെന്നും അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്നുമാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രതികരിച്ചത്. ആരും നിയമത്തിന് അതീതരല്ല. ബിജെപി കോൺഗ്രസ് എംഎൽഎമാർക്ക് 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തു. ഗോവയിലും മധ്യപ്രദേശിലും മണിപ്പൂരിലും ഇതുതന്നെയാണുനടന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.