ബിഹാർ ബിജെപി ആസ്ഥാനത്ത് 24 പേർക്ക് കോവിഡ്
Wednesday, July 15, 2020 12:44 AM IST
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിലുള്ള ബിജെപി ആസ്ഥാന ഓഫീസിൽ 24പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആണ് ഇക്കാര്യമറിയിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാഥൻ മോഹൻ ശർമ, രാജേഷ് ശർമ, ജനറൽ സെക്രട്ടറിമാരായ ദേവേഷ്കുമാർ, നാഗേന്ദ്ര എന്നിവർ കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ബീർ ചന്ദ് പട്ടേൽ മാർഗിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ ശുചീകരണം നടത്തി.
അതേസമയം, പാർട്ടി ആസ്ഥാനത്ത് 75 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജയ്സ്വാൾ ഇക്കാര്യം നിഷേധിച്ചു. ബിഹാറിൽ ഇന്നലെ 1432 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന നിരക്കാണിത്. തുടർച്ചയായ മൂന്നാം ദിവസമാണു ബിഹാറിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.