ക്യാപ്റ്റൻ സാഠെയ്ക്കു മുംബൈയുടെ ആദരാഞ്ജലി; സംസ്കാരം നാളെ
Monday, August 10, 2020 12:52 AM IST
മുംബൈ/കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് കുമാര്‍ സാഠെയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് മുംബൈയിലെത്തിച്ചു. മുംബൈയിലെ ചാന്ദിവലിയിലാണു സാഠെ വസിക്കുന്നത്. സംസ്കാരം നാളെ നടക്കും.
ഇന്നലെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിനുസമീപമുള്ള എയർ ഇന്ത്യ ഓഫീസിൽ പൈലറ്റുമാരും എയർ ഇന്ത്യ ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും സാഠെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
സാഠെയുടെ ഭാര്യ സുഷമയും മകനും എയർ ഇന്ത്യ ഓഫീസിലെത്തി. പിന്നീട് മൃതദേഹം ഭാഭ ആശുപത്രിയിലേക്കു മാറ്റി. മറ്റൊരു മകൻ ഇന്നു രാത്രി അമേരിക്കയിൽനിന്ന് എത്തിച്ചേരും.
സാഠെയുടെ മൃതദേഹം ഇന്നലെ രാവിലെ 7.30 ഓടെ എയര്‍ ഇന്ത്യ അധികൃതര്‍ എത്തി ഏറ്റുവാങ്ങി കൊച്ചിയിലെത്തിച്ചു.
അവിടെനിന്നാണു മുംബൈയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സഹ പൈലറ്റ് അഖിലേഷ് കുമാറിന് ഡൽഹി വിമാനത്താവളത്തിൽ ജീവനക്കാർ ആദരമർപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടിന് അഖിലേഷിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. വിവിധ വിമാനക്കന്പനികളിലെ ഇരുന്നൂറോളം പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും പ്രിയ സഹപ്രവർത്തകന് ആദരമർപ്പിക്കാൻ എത്തി. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ(58), സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാർ (32) എന്നിവരും 16 യാത്രക്കാരുമാണ് മരിച്ചത്. ഡൽഹി വിമാനത്താവളത്തിൽനിന്ന് അഖിലേഷിന്റെ മൃതദേഹം റോഡ് മാർഗം സ്വദേശമായ മഥുരയിൽ എത്തിച്ചു.