സ്കൂൾ തുറക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു കേന്ദ്രം
Tuesday, August 11, 2020 12:47 AM IST
ന്യൂഡൽഹി: രാജ്യത്തു സ്കൂൾ തുറക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം, മുതിർന്ന വിദ്യാർഥികൾക്കായി ഏതാനും ക്ലാസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകൾ ആരായുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഒരു കേന്ദ്രഭരണപ്രദേശം ഒഴികെ മറ്റാരും സമീപഭാവിയിൽ സ്കൂൾ തുറക്കുന്നതിന് അനുകൂലമല്ല. ഹയർ സെക്കൻഡറി വിഭാഗത്തിനു സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിർദേശം നല്കുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാം-വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.