കാർഷികബിൽ പാസാക്കാൻ കേന്ദ്രം കോണ്‍ഗ്രസിതര പാർട്ടികളെ കൂട്ടുപിടിക്കും
Saturday, September 19, 2020 11:54 PM IST
ന്യൂഡൽഹി: കേന്ദ്രഭരണസഖ്യമായ എൻഡിഎയിൽ പോലും ഭിന്നതയും കേന്ദ്രമന്ത്രിയുടെ രാജിയിലും എത്തിച്ച വിവാദ കാർഷിക ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും. ബിൽ പാസാക്കാൻ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിക്കാനാണ് സർക്കാരും ബിജെപിയും നീക്കം നടത്തുന്നത്.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാർ ബില്ലിൽ വോട്ടെടുപ്പു നടത്തിയാൽ അതു പരാജയപ്പെടുത്താനാകുമെന്നു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പറയുന്നു.
കാർഷികോത്പാദന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫസിലിറ്റേഷൻ) ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) കരാർ ബിൽ, അവശ്യസാധന ഭേദഗതി ബിൽ എന്നിവ വ്യാഴാഴ്ച ലോക്സഭ പാസാക്കിയിരുന്നു.