രാജ്യസഭയിലെ പ്രതിപക്ഷ ബഹളം ഉറക്കം കെടുത്തി; മനഃശാന്തിക്കായി ഉപവസിച്ചെന്ന് ഉപാധ്യക്ഷൻ
Wednesday, September 23, 2020 12:07 AM IST
ന്യൂഡൽഹി: കാർഷികബില്ലുകളെ ചൊല്ലി രാജ്യസഭയിലുണ്ടായ ബഹളത്തിൽ കടുത്ത ദുഃഖത്തിലും നിരാശയിലും മുങ്ങി ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗ്. ഞായറാഴ്ച നടന്ന സംഭവത്തിൽ കഠിനമായ മനോവേദനയുണ്ട്. മനസ് തകർന്ന് തീവ്രദുഃഖത്തിലകപ്പെട്ടുപോയി. കഴിഞ്ഞ രണ്ടു ദിവസമായി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ഹരിവംശ് ട്വിറ്ററിൽ എഴുതി. രാജ്യസഭയിൽനിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട എട്ട് എംപിമാർ ധർണയിരിക്കുന്ന പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അവർക്ക് ചായയുമായി ഹരിവംശ് ഇന്നലെ എത്തിയിരുന്നു.
ജനാധിപത്യത്തിന്റെ പേരിൽ പ്രതിപക്ഷം അക്രമാസക്തമായി പെരുമാറുകയും ചെയറിനെ അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കഠിനമായ ദുഃഖത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കണ്മുന്നിൽ നടന്നത് സഭയുടെ അന്തസ് കെടുന്ന തരത്തിൽ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. റൂൾ ബുക്ക് കീറി തന്റെ നേർക്കെറിഞ്ഞു.
ചില എംപിമാർ മേശപ്പുറത്ത് കയറി നിന്നു. തനിക്കെതിരേ മോശം ഭാഷയിൽ അധിക്ഷേപങ്ങളും നടത്തി. ഇതെല്ലാം ഓർക്കുന്പോൾ തന്നെ ഉറങ്ങാൻ കഴിയുന്നേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
രാം മനോഹർ ലോഹ്യയുടെയും ജയ്പ്രകാശ് നാരായണന്റെയും നാടായ ബിഹാറിൽനിന്നാണ് താൻ വരുന്നത്. ജയ്പ്രകാശ് നാരായണനിൽനിന്ന് ഏറെക്കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ജെപി മുന്നേറ്റത്തിന്റെ ഭാഗവുമായിട്ടുണ്ട്. പാർലമെന്റിന് മുന്നിൽ പ്രതിഷേധ ധർണയിരിക്കുന്ന പ്രതിപക്ഷ എംപിമാർക്ക് ചായ നൽകാനെത്തിയ ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തന്നെ വ്യക്തിപരമായി പോലും അധിക്ഷേപിച്ചവർക്ക് ചായ നൽകാനെത്തിയ ഹരിവംശ് തികഞ്ഞ മാന്യനാണ്. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
വിവാദ കാർഷിക ബില്ലുകൾ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് പാസാക്കാൻ സർക്കാരിന് അവസരം നൽകിയതിലാണ് ഉപാധ്യക്ഷനായ ഹരിവംശിനെതിരേ തിരിയാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. ഉപാധ്യക്ഷനെതിരേ പതിമൂന്ന് പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട അവിശ്വാസപ്രമേയം സഭയിൽ അവതരിപ്പിക്കാൻ തിങ്കളാഴ്ച അധ്യക്ഷൻ വെങ്കയ്യ നായിഡു അനുമതി നൽകിയിരുന്നില്ല.