നിതീഷിന്റെ സമ്മർദത്തിലാണു ബിജെപി തന്നെ ആക്രമിക്കുന്നതെന്നു ചിരാഗ്
Monday, October 19, 2020 12:37 AM IST
പാറ്റ്ന: നിതീഷ്കുമാറിന്റെ സമ്മർദം മൂലമാണു ബിജെപി തന്നെ ആക്രമിക്കുന്നതെന്നു ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബിജെപി-എൽജെപി സഖ്യം യാഥാർഥ്യമാകുമെന്നും ചിരാഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല സൗഹൃദമാണ്. എന്റെ പിതാവ് ആശുപത്രിയിലായതുമുതൽ മരണാനന്തര ചടങ്ങുകൾ നടന്നതുവരെയുള്ള കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്. ബിജെപിയിൽനിന്ന് എന്നെ അകറ്റാനാണ് നിതീഷ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. മോദിയെ പ്രതിസന്ധിയിലാക്കാൻ ഞാനില്ല. നിതീഷിനെ തൃപ്തിപ്പെടുത്താൻ എന്നെ ബിജെപി കുറ്റപ്പെടുത്തുന്നതിൽ തെല്ലും ഖേദമില്ല. -ചിരാഗ് ട്വീറ്റ് ചെയ്തു. ബിഹാർ നിയമസഭാ തെരഞ്ഞടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷുമായി വേദി പങ്കിടുന്നുണ്ട്.
നിതീഷിന് തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല നല്കിയതിലുള്ള അമർഷം എൽജെപി പരസ്യമായി പ്രകടമാക്കിയിരുന്നു. സ്വതന്ത്രമായി മത്സരിക്കാനാണ് എൽജെപി തീരുമാനം. എന്നാൽ, ബിജെപി മത്സരിക്കുന്നിടങ്ങളിൽ എൽജെപി സ്ഥാനാർഥികളുണ്ടാവില്ലെന്നു ചിരാഗ് വ്യക്തമാക്കിയിട്ടുണ്ട്.