ഏഴ് എംഎൽഎമാരെ മായാവതി സസ്പൻഡ് ചെയ്തു
Friday, October 30, 2020 12:41 AM IST
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിമതശബ്ദമുയർത്തിയ ഏഴ് എംഎൽഎമാരെ സസ്പൻഡ് ചെയ്തതായി ബിഎസ്പി നേതാവ് മായാവതി. മുതിർന്ന നേതാവ് രാംജി ഗൗതമിന്റെ സ്ഥാനാർഥിത്വത്തിനെതിരേ നിലപാടെടുത്ത ഇവർ അഖിലേഷ് യാദവിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അച്ചടക്കനടപടി.
ഇതോടൊപ്പം യുപി ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി പ്രതിനിധികളുടെ പരാജയം ഉറപ്പാക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. വിമത എംഎൽഎമാർ മറ്റു പാർട്ടിയിൽ ചേർന്നാലുടൻ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാരെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന നിർദേശം ഭാരവാഹികൾക്കു നൽകിയിട്ടുണ്ട്. ഭാവിയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽവി ഉറപ്പാക്കാനുള്ള അവസരങ്ങളിലൊന്നുപോലും പാഴാക്കില്ലെന്നും മായാവതി പറഞ്ഞു.