ഇന്ത്യയുടെ ശുക്രയാൻ പദ്ധതിയിൽ സ്വീഡനും
Wednesday, November 25, 2020 11:08 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ നിർദിഷ്ട ശുക്രഗ്രഹ പര്യവേക്ഷണ പദ്ധതി(ശുക്രയാൻ)യിൽ സ്വീഡനും പങ്കാളിയാകുന്നു. സൂര്യനിൽനിന്നുള്ള ചാർജുള്ള കണങ്ങൾ ശുക്രന്റെ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുന്നതിനെക്കുറിച്ചു പഠിക്കാനുള്ള വീനസിയൻ ന്യൂട്രൽസ് അനസൈലർ എന്ന ഉപകരണം സ്വീഡനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ്(ഐആർഎഫ്) നല്കും. സ്വീഡിഷ് അംബാസഡർ ക്ലാസ് മൊളിൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഐആർഎഫും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്ര(ഇസ്രോ)വും തമ്മിലുള്ള രണ്ടാം സഹകരണമാണിത്. 2008ലെ ഒന്നാം ചന്ദ്രയാൻ പദ്ധതിയിൽ ചന്ദ്രനെക്കുറിച്ചു പഠിക്കാനുള്ള ഒരു ഉപകരണം അവർ നല്കിയിരുന്നു.
ശുക്രനെ ചുറ്റുന്ന പര്യവേക്ഷണ പേടകം 2023 ജൂണിൽ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിട്ടത്. കോവിഡ് മൂലം വിക്ഷേപണം 2024ലേക്കോ 2026ലേക്കോ മാറ്റിവച്ചേക്കും. ശുക്രൻ ഭൂമിയോട് അടുത്തുവരാൻ 19 മാസം എടുക്കുമെന്നതിനാലാണ് ഇത്രയും താമസം. ഫ്രാൻസ്, ജർമനി, റഷ്യ തുടങ്ങിയ രാജ്യങ്ങളും പദ്ധതിയുമായി സഹകരിച്ചേക്കും.